പട്ടാമ്പി ആമയൂർ റോഡ് നവീകരണം തുടങ്ങി
പട്ടാമ്പി⚫പട്ടാമ്പി ടൗണിനെ പെരിന്തൽമണ്ണ, ഷൊർണൂർ റോഡുകളുമായി ബന്ധിപ്പിക്കുന്ന പട്ടാമ്പി-ആമയൂർ റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. കൊണ്ടുമുണ്ടയാറം മുതൽ മുതുതല പുതുപാലം വരെയുള്ള 2.6 കിലോമീറ്റർ വരുന്ന ഭാഗമാണ് ആദ്യ ഘട്ടത്തിൽ നവീകരിക്കുന്നത്. നിലവിൽ അഞ്ചുമീറ്റർ വീതിയുള്ള റോഡിനെ ഏഴുമീറ്റർ വീതിയിലേക്ക് ആധുനിക നിലവാരത്തിൽ നവീകരിക്കും. കഴിഞ്ഞ സർക്കാർ അനുവദിച്ച 5.5 കോടി രൂപയിൽ പൊതുമരാമത്തുവകുപ്പ് ആണ് നിർമ്മാണം. പദ്ധതിയുടെ പ്രവർത്തിയുടെ പുരോഗതി മുഹമ്മദ് മുഹസിൻ എം.എൽ.എ വിലയിരുത്തി. നിള ആശുപത്രി മുതൽ കൊടുമുണ്ട വഴി തൃത്താലകൊപ്പം വരെയുള്ള റോഡ് ഫണ്ടുകളുടെ ലഭ്യതയ്ക്കനുസരിച്ച് വിവിധ ഘട്ടങ്ങളായാണ് നവീകരിക്കുന്നത്. നിള ആശുപത്രി മുതൽ കൊടുമുണ്ട യാറംവരെയുള്ള ഭാഗം നവകേരള ഫണ്ട് ഉപയോഗിച്ചാണ് നവീകരിക്കുക. തുടർന്നുള്ള ഭാഗമാണ് ഇപ്പോൾ നവീകരിക്കുന്നത്. പുതുപാലത്തിന്റെ നിർമാണത്തിനായി കഴിഞ്ഞ സർക്കാർ നാലരക്കോടി അനുവദിച്ചിരുന്നു. പദ്ധതിയുടെ ടെൻഡർ നടപടി പൂർത്തിയാക്കി കരാറുകാരൻ ഏറ്റെടുത്തു.
പുതുപാലം മുതൽ മുതുതല, പറക്കാട്, തൃത്താലകൊപ്പം വരെയുള്ള ഭാഗം കിഫ്ബി വഴിയാണ് നവീകരി ക്കുന്നത്. ഇതിനായി കഴിഞ്ഞ സർക്കാർ 17 കോടി കെആർഎഫ്ബിക്ക് നൽകിയിരുന്നു. പ്രവൃത്തിയുടെ ടെൻഡർ നടപടിയും ആരംഭിച്ചു. എന്നാൽ കിഫ്ബിയുടെ കാര്യത്തിൽ പുതിയ സർക്കാരിന്റെ തീരുമാനത്തിനായി കത്തിരിക്കുകയാണ്.
കൊടുമുണ്ട റെയിൽവേ മേൽപ്പാലവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്ന നടപടി പൂർത്തി യാക്കി സ്ഥലമുടമകൾക്ക് പണം ലഭ്യമാക്കുന്ന പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ്. മേൽപ്പാലം കൂടി പൂർത്തിയാക്കുന്നതോടെ പട്ടാമ്പി ടൗണിൽ നിന്ന് കൊപ്പം ഭാഗത്തേക്ക് പോകാനുള്ള മറ്റൊരു ബൈപാസായി ഈ റോഡിനെ ഉപയോഗപ്പെടുത്താനാകുമെന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ പറഞ്ഞു.
