ഇഎംഎസ് സ്മൃതി ഇന്ന്
പട്ടാമ്പി⚫കേരളത്തിന്റെ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട ഇ.എം.എസിന്റെ ജന്മദിനമായ (ജൂൺ 13) ഇന്ന് അദ്ദേഹത്തെ വീണ്ടും സ്മരിക്കുകയാണ് ഇ.എം.എസ് സ്മൃതിയിലൂടെ പട്ടാമ്പി. മേലെ പട്ടാമ്പിയിലെ രാജപ്രസ്ഥം ഓപ്പൺ ഓഡിറ്റോറിയത്തിൽ വൈകീട്ട് 4 ന് "കേരളത്തിന്റെ നേട്ടങ്ങളും കമ്മ്യൂണിസ്റ്റുകാരും" എന്ന വിഷയത്തിൽ സി.പി.ഐ. എം. പട്ടാമ്പി ഏരിയാ കമ്മിറ്റിയുടെ നേത്യത്വത്തിൽ സംവാദം സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ടി.കെ. നാരായണദാസ്, കൺവീനർ ടി. ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചു. സി.പി.ഐ. എം. കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ് സംവാദത്തിൽ വിഷയാവതരണം നടത്തും. തുടർന്ന് സംവാദത്തിൽ പങ്കെടുക്കുന്നവർക്ക് വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രയങ്ങൾ രേഖപ്പെടുത്താം. 1960 ലും, 1965 ലും, 1967 ലും, 1970 തിലും ഇ.എം.എസ്. പട്ടാമ്പിയിൽ നിന്നും എം.എൽ.എ ആയി. എന്നാൽ 1965 ൽ ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന നിയമസഭ കേവലം 20 ദിവസം കൊണ്ട് നിയമസഭ പിരിച്ചു വിട്ടു. മാർച്ച് 4 ന് തെരഞ്ഞെടുപ്പും, 17 ന് നിയമസഭ രൂപീകരണവും 24 ന് പിരിച്ചു വിടുകയുമായിരുന്നു.
കേരളത്തെ വ്യതിരിക്തമായ ഒരു വികസന പാതയിലൂടെ നയിച്ച മുഖ്യമന്ത്രിയായിരുന്നു ഇ.എം.എസ്. ലോകത്ത് ആദ്യമായി ജനാധിപത്യ പരമായ തെരഞ്ഞെടുക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം പുതുതലമുറക്ക് എന്നും ഒരു പാഠപുസ്തകമാണ്. ഇ.എം.എസിന്റെ ജീവിതവും പട്ടാമ്പിയും തമ്മിൽ അഗാധമായ ബന്ധമുണ്ട്. ഇ.എം.എസ് രാഷ്ട്രീയത്തിലേക്ക് വണ്ടി കയറിയത് പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. തന്റെ സ്കൂളുകളും കോളേജുകളും വിട്ടിറങ്ങി സ്വാതന്ത്രസമരത്തിൽ പങ്കാളിയാവാൻ മഹാത്മാഗാന്ധിയുടെ ആഹ്വാനം ചെവികൊണ്ട് പഠനം പൂർത്തിയാക്കാതെ ഇ.എം.എസ്. കോളേജ് വിട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കാൻ വണ്ടി കയറിയത് പട്ടാമ്പിയിൽ നിന്നാണ്. അന്ന് തന്റെ കൈയിലെ റിസ്റ്റ് വാച്ച് യാത്രയയക്കാൻ വന്ന വി.ടി. ഭട്ടതിരിപ്പാടിന്റെ കയ്യിൽ കൊടുത്ത് ഇഎംഎസ് പറഞ്ഞു. "ഞാൻ സ്വാതന്ത്ര്യ സമരത്തിലേക്കാണ് പോകുന്നത്. വെടിയുണ്ടകളെയും തടവറകളെയും കഴുമരങ്ങളെയും അതിജീവിച്ച് സ്വാതന്ത്ര ഇന്ത്യയിൽ ഞാൻ ബാക്കിയുണ്ടെങ്കിൽ പ്രസ്ഥാനത്തിലേക്ക് തിരികെ വരാം. ഇത് നമ്മുടെ സംഘടനയ്ക്ക് ഇരിക്കട്ടെ"
ഉണ്ണിനമ്പൂതിരിപ്രസ്ഥാനത്തെ ഉദ്ദേശിച്ചാണ് ഇ.എം.എസ്. അന്ന് അങ്ങിനെ പറഞ്ഞത്. എന്നാൽ ഇ.എം.എസ്. പിന്നീട് രാഷ്ട്രീയത്തിൽ നിന്നും തിരിച്ചു വരികയുണ്ടായില്ല. കോൺഗ്രസിന്റെ കെ.പി.സി.സി. സെക്രട്ടറിയായി, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗമായി, തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലോകത്തെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായി, സി.പി.ഐ. എമ്മിന്റെ ജനറൽ സെക്രട്ടറിയായി, ലോക കമ്മ്യൂണിസ്റ്റ് ആചാര്യനായി ഇ.എം.എസ്. വളർന്നു. അദ്ദേഹത്തിന്റെ മഹത്തായ ജീവിതയാത്ര ആരംഭിക്കുന്നത് പട്ടാമ്പിയിൽ നിന്നാണ് എന്നത് ഓരോ പട്ടാമ്പിക്കാരനും അഭിമാനം നൽകുന്നതാണ്. അതുകൊണ്ടു തന്നെ ഇന്ന് നടക്കുന്ന ഇ.എം.എസ് സ്മൃതിക്ക് ഏറെ പ്രധാന്യമുണ്ട്. എല്ലാ വിഭാഗം ജനങ്ങളേയും സംഘാടകസമിതി സംവാദ പരിപാടിയിൽ പങ്കെടുക്കാൻ സ്വാഗതം ചെയ്യുയുകയാണ്.
