logo

ലോകകപ്പ് ഫുട്ബോൾ ഡിവൈഎഫ്ഐ പട്ടാമ്പി ബ്ലോക്ക് ഫ്രീകിക്ക് വേൾഡ് കപ്പ് പ്രഡിക്ടർ മത്സരം

പട്ടാമ്പി⚫2026 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. യുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ ഫുട്ബോൾ വൈബോൺ ക്യാമ്പയിൻ സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. പട്ടാമ്പി ബ്ലോക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ ഫ്രീകിക്ക് വേൾഡ് കപ്പ് പ്രഡിക്ടർ എന്ന ഗെയിമിംഗ് ആപ്പ് തയ്യാറാക്കിയതായി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ തന്നെ ആദ്യമായാണ് ഒരു ബ്ലോക്ക് കമ്മിറ്റി ഗെയിമിംഗ് ആപ്പ് ഒരുക്കുന്നത്. ലോകത്തെ ഏതൊരു ഫുട്ബോൾ പ്രേമിക്കും ഇതിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ. ഭാരവാഹികൾ പറഞ്ഞു. ഡി.വൈ.എഫ്.ഐ. പട്ടാമ്പി ബ്ലോക്ക് കമ്മിറ്റി തയ്യാറാക്കിയ ഫ്രീകിക്ക് വേൾഡ് കപ്പ് പ്രഡിക്ടർ ഗെയിമിംഗ് ആപ്പിന്റെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എം.എൽ.എ. നിർവ്വഹിച്ചു. കേരളത്തിൽ ആദ്യമായി തയ്യാറാക്കപ്പെട്ട ഗെയിമിംഗ് ആപ്പിന്റെ ലോഞ്ചിംഗ് നിർവ്വഹിച്ചത് പ്രശസ്ത ഇന്ത്യൻ ഫുട്ബോളർ സി.കെ. വിനീതാണ്. നിലവിൽ ലോകത്തെ ഏതൊരു ഫുട്ബോൾ പ്രേമിക്കും സൗജന്യമായി ആപ്പിന്റെ ലിങ്കിലൂടെ കയറി അക്കൗണ്ട് തുറക്കാൻ കഴിയും.

ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്ന ദിവസത്തിൽ തന്നെ ആദ്യ മത്സരം മുതൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ഏതൊരു ഗെയിമർക്കും ഓരോ മത്സരങ്ങളുടെ യും ഫലം, ഗോൾ നില, പ്ലെയർ ഓഫ് ദ മാച്ച്, ബോൾ പൊസെഷൻ അടക്കമുള്ള കാര്യങ്ങൾ പ്രവചിക്കാം. ക്നോക്കൗട്ട് ഘട്ടത്തിൽ എത്തുന്നതോടെ കൂടുതൽ പ്രവചനങ്ങളും, സ്പോട് ചലഞ്ചുകളും മത്സരത്തിന്റെ ഭാഗമായി ഉൾപ്പെടുത്തും. ഓരോ മത്സരത്തിന്റെയും പത്തുമിനിറ്റ് മുമ്പുവരെ ഗെയിമർക്ക് പ്രവചനങ്ങൾ നടത്താം. മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഫ്ലാഷ് ക്വിസ്സുകൾ അടക്കം ബോണസ് പോയിന്റുകൾ കണ്ടെത്താൻ കഴിയുന്ന വിവിധ ചലഞ്ചുകളുമുണ്ടാകും. പ്രവചനങ്ങൾ ശരിയാകുന്നത്തിന് അനുസരിച്ച് ഓരോ ഗെയിമർക്കും പോയിന്റുകൾ നേടിയെടുക്കാൻ കഴിയും, പോയിന്റുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസത്തെയും മത്സരങ്ങൾ പൂർത്തിയാകുന്നതനുസരിച്ച് ആ ദിവസത്തെ പോയിന്റ് പട്ടിക പ്രസിദ്ധീകരിക്കും. ലോകകപ്പ് മത്സരങ്ങളുടെ ആദ്യ മത്സരം മുതൽ ഫൈനൽ മത്സരം വരെ പ്രവചനങ്ങൾ നടത്തി പോയിന്റുകൾ ലഭ്യമാക്കി വിജയികളാകാൻ സാധിക്കും. ഓരോ ഗെയിമർക്കും ആപ്പ് മറ്റൊരാൾക്ക് റഫർ ചെയ്യുകയും അവരെ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നതിലൂടെ കൂടുതൽ ബോണസ് പോയിന്റുകൾ നേടിയെടുക്കാനാകും.

ഫ്രീകിക്ക് വേൾഡ് കപ്പ് പ്രഡിക്ടർ വിന്നർ ആകുന്ന ആദ്യ 10 ഗെയിമർ മാർക്ക് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ ആകർഷകമായ സമ്മാനങ്ങളും പ്രോത്സാഹനങ്ങളും നൽകും. മത്സരവുമായി ബന്ധപ്പെട്ട ഓരോ അപ്ഡേറ്റുകളും നിർദ്ദേശങ്ങളും ഗെയിമർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ആപ്പ് വഴിയും അതാത് സമയങ്ങളിൽ നൽകുന്നതാണ്. ഏതൊരു ഫുട്ബോൾ പ്രേമിക്കും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന വിധമാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ല പ്രൊഫഷണൽ കമ്മിറ്റി കൺവീനർ ഫവാസ് റഹ്മാൻ ആണ് ആപ്പ് ഡെവലപ്പ് ചെയ്തിരിക്കുന്നത്. ഡിവൈഎഫ്ഐ പട്ടാമ്പി ബ്ലോക്ക് വൈസ് പ്രസിഡന്റും, സ്പോർട്സ് കമ്മിറ്റി കൺവീനറുമായ കെ. റോഷനാണ് ഫ്രീ കിക്ക് വേൾഡ് കപ്പ് പ്രഡിക്ടർ എന്ന ഗൈമിങ് ടൂർണമെന്റിന്റെ കോ- ഓഡിനേറ്റർ. ബുധനാഴ്ച 10 ന് ലോഞ്ച് ചെയ്ത ഗൈമിങ് ആപ്പിൽ ഇതിനകം 351 ഗൈയിമർമാർ ജോയിൻ ചെയ്തു കഴിഞ്ഞു. നിങ്ങൾ ഓരോരുത്തരും ഈ ലോകകപ്പ് മാമാങ്കത്തിൽ ഡിവൈഎഫ്ഐ ഒരുക്കുന്ന ഫ്രീകിക്ക് വേൾഡ് കപ്പ് പ്രഡിക്ടർ മത്സരത്തിന്റെ ഭാഗമാവണമെന്നും പരമാവധി ഫുട്ബോൾ പ്രേമികളിലേക്ക് സംവിധാനം എത്തിക്കുകയും മത്സരത്തിൽ പങ്കാളികളാക്കാൻ സഹായിക്കണമെന്നും ബ്ലോക്ക് സെക്രട്ടറി എ.എൻ. നീരജ്, പ്രസിഡന്റ് പി.ആർ. രജീഷ്, ജോയന്റ് സെക്രട്ടറി കെ.പി. മുഹമ്മദ് ഹാഷിർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


latest News