തെരുവുനായ ഭീതിയിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർ
ഷൊർണൂർ⚫ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവു നായയുടെ കടിയേറ്റ് യാത്രക്കാരിക്ക് പരിക്ക്. പൈങ്കുളം സ്വദേശിനിയായ രാധ (47) ക്കാണ് കടിയേറ്റത്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെ ഇന്റർസിറ്റി എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ടുമെന്റിൽ നിന്നും ഏഴാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു നായയുടെ അക്രമണം. അവർ ട്രെയിനിൽ നിന്നും ഇറങ്ങുന്ന സമയത്ത് സഹയാത്രികയുടെ മൂന്നു വയസുള്ള കുട്ടിയുടെ അടുത്തേക്ക് ഓടിവന്ന തെരുവുനായയിൽ നിന്നും കുട്ടിയെ രക്ഷിക്കുന്നതിനിടയാണ് രാധക്ക് കടിയേറ്റത്. ഇവരുടെ രണ്ടു കാലുകളിലുമായാണ് നായയുടെ കടിയേറ്റത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഞായറാഴ്ച ഉച്ചയോടെ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഇരുന്ന് ഭക്ഷണം കഴിച്ചികൊണ്ടിരിക്കുക ആയിരുന്ന ഒരു മധ്യവയസ്കനു നേരെ തെരുവുനായ ആക്രമണം ഉണ്ടായതായും വിവരമുണ്ട്. കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടെ നിരവധി ആളുകൾക്കാണ് ഇത്തരത്തിൽ ഫ്ലാറ്റ്ഫോമിൽ തെരുവുനായ്ക്കളുടെ കടിയേൽക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.
ഇവിടെ പത്തിലധികം തെരുവുനായ കളാണ് റെയിവേ സ്റ്റേഷന്റെ വിവിധ പ്രദേശങ്ങളിലായി യാത്രക്കാർക്ക് ഭീഷിണിയായി തമ്പടിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷന് മുന്നിൽ വാഹനങ്ങൾ എത്തുന്ന ട്രാക്കുകളും ഇന്ന് തെരുവ് നായകളുടെ വിഹാര കേന്ദ്രമാണ്. എല്ലാഭാഗവും അവർ കയ്യേറിയിരിക്കുകയാണ്. പ്ലാറ്റ്ഫോമിലാണ് ഏറ്റവും കൂടുതൽ തെരുവുനായശല്യം. യാത്രക്കാരുടെ ഇരിപ്പിടത്തിന് സമീപമെല്ലാം അഞ്ചി ലധികം നായകൾ ഉണ്ടാവാറുണ്ടെന്ന് യാത്രക്കാർ പറയുന്നു. ഭീതിതുടരുന്ന ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നായ്ക്കളിൽ നിന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ അടിയന്തര നടപടി റെയിവേയുടെ ഭാഗത്തു നിന്നും ഉണ്ടാകണമന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
