നഗരത്തിലെ മതിലുകളും ചുവരുകളുമെല്ലാം ക്യാൻവാസാക്കി ചിത്രകാരന്മാരായ നഗരസഭയിലെ ജീവനക്കാർ
പട്ടാമ്പി⚫വർണ്ണചിത്രങ്ങൾ നിറഞ്ഞ ചുവരുകൾ പട്ടാമ്പിയിൽ എവിടെ നോക്കിയാലും മതിലുകളിൽ ഭംഗിയുള്ള ചിത്രങ്ങൾ കാണാം. മനോഹരമായ നിറങ്ങൾ കൊണ്ട് കണ്ണിനും മനസ്സിനും ഒരുപോലെ ഇമ്പമാകുന്നവരകൾ. വൈദ്യുത തൂണുകൾ മുതൽ തണൽ മരങ്ങൾ പായലും ക്ലാവും പിടിച്ചു കിടന്ന വൃത്തിഹീനമായ മതിലുകൾ പോലും മനോഹരമായ കാൻവാസായി രൂപപരിണാമം ചെയ്യപ്പെടുന്ന കാഴ്ച. പട്ടാമ്പി നഗരസഭയിലെ രണ്ടു ജീവനക്കാരായ ഗോപാലകൃഷ്ണനും ഷിബുവുമാണ് വർണ്ണ മതിലുകളുടെ ശിൽപ്പികൾ. പട്ടാമ്പി നഗരത്തിൽ എത്തുന്നവർക്ക് കാഴ്ചകൾ സമ്മാനിക്കുകയാണിവർ. ഇതിനു പുറകിൽ രണ്ടു പേരുടെയും വലിയ പ്രയത്നമുണ്ട്.
പ്രശസ്തമായ ചിത്രകാരന്മാരുടെ എക്സിബിഷനുകളിലും മറ്റുമുള്ള ചിത്രങ്ങളോട് പിടിക്കാൻ കഴിയും വിധമുള്ള ചിത്രങ്ങളാണ് ഇവർ പട്ടാമ്പിയിലെ വിവിധയിടങ്ങളിലായി ഒരുക്കുന്നത്. ഇവയിൽ പലതും നമ്മേ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങളാണ്. ഒറ്റപ്പാലം സ്വദേശിയായ ഗോപാലകൃഷ്ണനും ഷോർണൂർ സ്വദേശി ഷിബുവും എംപ്ലോയ്മെൻറ് വഴിയാണ് പട്ടാമ്പി നഗരസഭയിലെ ജീവനക്കാരായി എത്തുന്നത്. തുടർന്ന് ഇവരുടെ ചിത്രങ്ങൾ വരക്കാനുള്ള താൽപ്പര്യവും കഴിവും കണ്ടറിഞ്ഞു മനസിലാക്കിയ സഹപ്രവർത്തകരാണ് ഇവരിലെ കലാവൈഭവം ജനങ്ങൾക്കു കൂടി കാണാൻ കഴിയുംവിധം ചിത്ര രചനയെ പൊതുയിടങ്ങളിലേക്ക് വ്യാപിപ്പിക്കുവാൻ ഇവർക്ക് പ്രചോദനമായത്.
വരയുടെ അടിസ്ഥാന പാഠങ്ങൾ പോലും പഠിക്കാതെയാണ് ഇവർ ഇത്ര മനോഹരങ്ങളായ ചിത്രങ്ങൾ വരച്ചതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എവിടെയും നോക്കാതെ മനസ്സിലുള്ള ചിത്രങ്ങളെയാണ് ഇവർ മികവോടെ മതിലുകളിലേക്ക് പകർത്തുന്നത്. കൃത്യതയാർന്ന് ഇവർസ്വയം തയ്യാറാക്കുന്ന കളർകൂട്ടുകൾ തന്നെയാണ് ഇവരുടെ ചിത്രങ്ങൾക്ക് പകട്ടേക്കുന്നത്. നഗരസഭയിലെ ജോലിക്കിടയിൽ കിട്ടുന്ന ഒഴിവ് സമയങ്ങളാണ് ചിത്രം വരയ്ക്കായി ഇവർ ഉപയോഗപ്പെടുത്തുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ സൗന്ദര്യവൽക്കരണ പദ്ധതികളിൽ പ്രധാന ആകർഷണമാണ് ഇന്ന് നഗരത്തിലെ മതിലുകളിൽ ഒരുങ്ങുന്ന മനോഹര ചിത്രങ്ങൾ.
