logo

പട്ടാമ്പി കിഴായൂർ വെള്ളിലപ്പെട്ടി വിഷ്ണുക്ഷേത്രത്തിലെ മോഷ്ടാവ് റിമാഡിൽ

പട്ടാമ്പി⚫പട്ടാമ്പിയിലെ വിവിധ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയെ പട്ടാമ്പി പോലീസ് പിടികൂടി. പരുതൂർ വെസ്റ്റ് കൊടുമുണ്ട നെടിമരം വീട്ടിൽ കൃഷ്‌ണാനന്ദൻ (40) ആണ് പിടിയിലായത്. മെയ് 25 ന് പുലർച്ചെ കിഴായൂർ വെള്ളിലപ്പെട്ടി വിഷ്ണുക്ഷേത്രത്തിൽ ഓഫീസ് റൂമും, ക്ഷേത്രവളപ്പിലെ നാല് ഭണ്ഡാരങ്ങളും കുത്തിപ്പൊളിച്ച ശേഷം അകത്തുകടക്കുകയും ചെയ്ത പ്രതി അവിടെ സൂക്ഷിച്ചിരുന്ന 7000 രൂപയോളം കവർന്ന് കടന്നുകളയുകയും ചെയ്തു എന്നതാണ് കേസ്.

രാവിലെ മോഷണവിവരം ശ്രദ്ധയിൽപ്പെട്ട ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് മധുസൂദനൻ പട്ടാമ്പി പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പട്ടാമ്പി പോലീസ് പ്രദേശത്ത സിസിടിവി ദൃശ്യങ്ങളും സമാന രീതിയിൽ മോഷണം നടത്തുന്ന പഴയകാല കുറ്റവാളികളെയും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയായ കൃഷ്‌ണാനന്ദനെ അറസ്റ്റു ചെയ്തത്.

പിടിയിലായ കൃഷ്‌ണാനന്ദൻ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


latest News