കായികാവേശം വാനോളമുയർത്തി പട്ടാമ്പി നഗരസഭയുടെ കിക്ക്ഓഫ് 2026 കായിക വിളംബര ജാഥ
പട്ടാമ്പി⚫ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പട്ടാമ്പി നഗരസഭ സംഘടിപ്പിച്ച ‘കിക്ക്-ഓഫ് 2026’ കായിക വിളംബരജാഥയിൽ ആവേശമായി കായികപ്രേമികൾ. ലോകഫുട്ബോൾ മാമാങ്കത്തെ വരവേൽക്കാൻ നഗരസഭ ഒരുക്കിയ വിളംബര റാലിയിൽ നിരവധി പേർ അണിനിരന്നു. പട്ടാമ്പി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് വിവിധ താളമേള വാദ്യങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ജാഥ മേലെ പട്ടാമ്പിയിൽ സമാപിച്ചു. ലോകകപ്പിൽ മാറ്റുരക്കുന്ന തങ്ങൾക്ക് പ്രിയപ്പെട്ട ടീമുകളുടെ ജേഴ്സി അണിഞ്ഞ്, പതാകകളുമേന്തി ഫുട്ബോൾ ആരാധകർ റാലിയുടെ ഭാഗമായി.
വിളംബര ജാഥയിൽ പട്ടാമ്പി നഗരസഭ ചെയർമാൻ ടി.പി. ഷാജി, വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, സ്ഥിരം സമിതി അംഗങ്ങൾ, കൗൺസിലർമാർ, നഗരത്തിലെ വ്യാപാരി സുഹൃത്തുക്കൾ, വിവിധ കായിക ക്ലബുകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടനകൾ, വിവിധ ലോകകപ്പ് ടീമുകളുടെ ഫാൻസ് അസോസിയേഷൻ പ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
എല്ലാ ദിവസങ്ങളിലും ഫുട്ബോൾ പ്രേമികൾക്കായി ലോകകപ്പ് മത്സരങ്ങൾ തൽസമയം കാണാനാവശ്യമായ ബിഗ് സ്ക്രീൻ സൗകര്യം ഇവാനിയ ഗാർഡനിൽ നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.
