logo

ആഴക്കടലിലെ വനിതാ കൊമേഴ്‌സ്യൽ ഡൈവർ പട്ടാമ്പി സ്വദേശിനി കെ.വി.അതുല്യ

പട്ടാമ്പി⚫ഇന്ത്യയിലെ ആദ്യത്തെ വനിതാ കൊമേഴ്‌സ്യൽ ഡൈവർ പട്ടാമ്പി പരുതൂർ കരിവാൻപടി കള്ളിവളപ്പിൽ സ്വദേശിനി കെ.വി. അതുല്യയാണ് വേറിട്ട പ്രയത്നവു മായി ശ്രദ്ധേയയാകുന്നത്. സ്‌കൂബ ഡൈവിങ്ങൽ പരിശീലനം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ വനിതയും കൊമേഴ്‌സ്യൽ സ്കൂബ ഡവിങ്ങിൽ ഐഎൻസിഎ സർട്ടിഫിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ വനിതയുമാണ് ഇരുപത്തൊമ്പസ്സുകാരിയായ അതുല്യ. ഒരുവർഷമായി സൗത്ത് ആഫ്രിക്കയിലെ കടലിൻ്റെ ആഴത്തിലാണ് അതുല്യ ജോലി ചെയ്യുന്നത്. കടലിനടിയിലൂടെയുള്ള വലിയ ഓയിൽഗ്യാസ് പൈപ്പ് ലൈനുകൾ, ഇൻ്റർനെറ്റ് കേബിളുകൾ എന്നിവയ്ക്ക് കേടുപാടുകൾ വന്നാൽ അറ്റ കുറ്റപ്പണികളും വെൽഡിങ്ങുമെല്ലാം വെള്ളത്തിനടിയിൽ പോയി ചെയ്യുകയാണ് അതുയുടെ ജോലി. കടലിൻ്റെ അടിത്തട്ടിലെ സാങ്കേതികമായ ജോലിയാണ് കൊമേഴ്‌സ്യൽ സ്കൂബ ഡൈവിങ്ങലുള്ളത്. തൃശൂർ സെൻമേരിസ് കോളേജിൽ ബി എ ഹിസ്റ്ററിക്ക് പഠിക്കുമ്പോഴാണ് ഡൈവിങ്ങ് എന്ന് ആഗ്രഹം മനസ്സിൽ ഉണ്ടാകുന്നത്. പ്രത്യേകിച്ച് സ്ത്രീകൾ ഈ രംഗത്തില്ലെന്ന തിരിച്ചറിവും ആഗ്രഹത്തിൻ്റെ ആഴംകൂട്ടി. കൊമേഴ്സ്യൽ ഡൈവിങ് എന്നത് അപകടസാധ്യത ഉള്ളതിനാൽ ഈ രംഗത്തേക്ക് പൊതുവേ സ്ത്രീകൾ എത്താറില്ല. വെറുമൊരു സാഹസത്തിനും വർ നോദത്തിനുമായാണ് സാധാരണ ഡെെവിങ്ങിന് ആളുകൾ എത്തുന്നത്. എന്നാൽ വിനോദമല്ലാതെ ഇതൊരു ജോലിയായാണ് അത്യല്യ ഏറ്റെടുത്തത്. കോവളത്തായിരുന്നു സ്കൂബ് ഡൈവിങ്ങിൽ ആദ്യകാല പരിശീലനം. പിന്നീട് സൗത്ത് ആഫ്രിക്കയിലെ ജാക്ക് ഡൈവ് ചെസ്റ്റിൽ കൊമേഴ്സ്യൽ സ്കൂബ ഡൈവിങ്ങിൽ പരിശീലനം. ഇവിടെനിന്നാണ് കൊമേഴ്സ്യൽ സ്‌കൂബ ഡൈവിങ്ങിൽ ഇൻകാ (ഐഎൻസിഎ) സർട്ടിഫിക്കറ്റ് ലഭിച്ചത്. തുടർന്ന് കേരളത്തിലെത്തി കോസ്റ്റൽ പൊലിസിനായി മൂന്നുവർഷം പരിശീലകയായി. ഒരു വർഷം ആൻഡമാനിലും ജോലി ചെയ്തു.

ഇതിനിടയിലാണ് സൗത്ത് ആഫ്രിക്കയിലെ കൊമേഴ്‌സ്യൽ കമ്പനി വൻ അവസരവുമായി അതുല്യയെ തേടിയെത്തിയത്. എന്നാൽ പത്തുലക്ഷത്തിലേറെ ചെലവ് വരുമെന്നതിൽ ആദ്യം ആശയക്കുഴപ്പത്തിലായി. കമ്പനി മുഴുവൻ ചെലവും വഹിക്കാമെന്ന് ഉറപ്പു നൽകിയതോടെ സൗത്ത് ആഫ്രിക്കയിലെത്തി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇഷിടപ്പെട്ട രംഗത്ത് ശ്രദ്ധേയമായ ജോലി. സിലിണ്ടറും ഹെൽമെറ്റും ഉൾപ്പെടെ 30 കിലോ ഭാരം ചുമന്നുകൊണ്ടാണ് ഓരോ യാത്രയും. ഓരോ യത്രയും വ്യത്യസ്ഥമായ അനുഭവങ്ങളാണ് സമ്മാനിക്കുക. ആഴക്കടലിൻ്റെ ലോകത്ത് പലയിടങ്ങളിലും അതുല്യയുടെ യാത്ര ചെന്നെത്തിയിട്ടുണ്ട്. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് പിന്നിലെ കടലിനടിയിൽ ഗുഹാമുഖങ്ങൾ പോലുള്ള നിർമിതികൾ അതുല്യ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് കടലിടുക്കിൽ ഡൈവ് ചെയ്തപ്പോൾ കുഞ്ഞാലി മരയ്ക്കാരുടെ ഒളിത്താവളമായി കരുതപ്പെടുന്ന പുരാതന പടവുകളും പിരങ്കി ഉണ്ടകൾ തറച്ചപാടുകളും കണ്ടെത്തിയിരുന്നു. ഇവയെല്ലാം ചരിത്രപരമായി രേഖപ്പെടുത്തുക എന്നതാണ് അതുല്യയുടെ ലക്ഷ്യം. കടലിനടിയിലെ ശക്തമായ അടിയൊഴുക്കുകളെയും സ്റ്റോൺ ഫിഷ്, തിരണ്ടി തുടങ്ങിയ അപകടകാരികളായ ജീവികളെയും നേരിട്ടാണ് ഈ ദൗത്യങ്ങൾ പുർത്തിയാക്കുന്നത്. കടലിൻ്റെ അടിത്തട്ടിലുള്ളതൊന്നും നമുക്ക് സ്വന്തമല്ലെന്നും കടലിലെ ജീവനുകൾ നമ്മളെപ്പോലെ ഒരു ജീവനാണെന്നും അവയെ ശല്യം ചെയ്യാതെ അവരിൽ ഒരാളായി മാറി ആസ്വദിക്കണം എന്നുമാണ് അതുല്യ പറയുന്നത്.

കൊടുമുണ്ട ജിയുപി സ്‌കൂൾ. പരുതൂർ ഹയർ സെക്കണ്ടറി സ്‌കൂൾ, പെരുമുടിയൂർ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ ആയിരുന്നു സ്‌കൂൾ പഠനം. തുടർന്ന് തൃശൂർ സെൻ്റ്മേരീസ് കോളേജിൽ ഡിഗ്രി പഠനം. ഒപ്പം സിവിൽസർവീസ് കോച്ചിങ്ങിനും പോയിരുന്നു. പോലീസ് ആകാനായിരുന്നു കുഞ്ഞുന്നാളിലെ ആഗ്രഹം. എന്നാൽ ഡൈവിങ്ങ് എന്ന ആശയം മുന്നിൽ വന്നതോടെ ലക്ഷ്യം വഴിമാറുകയായിരുന്നു. കേരളത്തിൽ സ്‌കൂബ ഡൈവിങ് പരിശീലന കേന്ദ്രം ആരംഭിക്കണമെന്നും ഈ മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ വരണമെന്നും അതുല്യ പറയുന്നു. ഡൈവിന് ഇറങ്ങും മുമ്പ് കടലിനെ കുറിച്ച് വിശദമായി പഠിച്ചശേഷമേ യാത്ര ആരംഭിക്കാറുള്ളൂ. കോവളം, അഞ്ചുതെങ്ങ്, കോഴിക്കോട് വെള്ളിയാങ്കല്ല്, കൊച്ചി, ആൻഡമാൻ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ എല്ലാം ഡൈവിങ് നടത്തി. ഇനി ദുബായിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. മണികണ്ഠൻ-ലീന ദമ്പതികളുടെ മകളാണ് അതുല്യ. അച്ഛൻ ഡ്രൈവറും താൻ ഡൈവറുമാണ് എന്ന സവിശേഷതയും തങ്ങൾ ക്കിടയിലുണ്ടെന്ന് അതുല്യ നിറഞ്ഞ ചിരിയോടെ പറഞ്ഞു. അശ്വിൻദേവി, ആതിര എന്നിവരാണ് സഹോദരങ്ങൾ. അതുല്യയുടെ വാക്കുകളിൽ നിറയുകയാണ് പ്രതീക്ഷകൾ, “ഇനിയും കുറെക്കൂടി ആഴങ്ങളിലേക്കു കടന്നു ചെല്ലണം. കടൽ എന്നെ കാത്തിരിക്കുന്നു."


latest News